കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിനെ ചേര്‍ത്തുപിടിച്ച് നയന്‍താര പങ്കുവച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. തന്റെ പുതിയ സിനിമയായ നിഴലിന്റെ സെറ്റില്‍ നായകന്‍ കുഞ്ചാക്കോയ്ക്കും ഭാര്യ പ്രിയയ്ക്കും ഒപ്പം എത്തിയതായിരുന്നു ഇസഹാക്ക്. ഇസഹാക്കിനും കുഞ്ചാക്കോ ബോബനും പ്രിയക്കുമൊപ്പമുള്ള ചിത്രം നയന്‍താര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് നയന്‍താര കൊച്ചിയിലെത്തിയത്. നയന്‍താരയുടെ പിറന്നാള്‍ ആഘോഷവും സെറ്റില്‍ വച്ച് നടന്നു.

അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് നിഴല്‍. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തില്‍ തീവണ്ടി സംവിധായകന്‍ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.

നിവിന്‍ പോളി നായകനായ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നത്.