കൊച്ചി: മമ്മൂട്ടിയുടെ ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കിയ ചിത്രമായിരുന്നു അമല്‍ നീരദിന്റെ ബിഗ്ബി. സാമ്പ്രദായിക ചലചിത്രാഖ്യാനങ്ങളെ പൊളിച്ചെഴുതിയ ബിഗ്ബിയിലെ ബിലാല്‍ മമ്മൂട്ടിയുടെ സ്റ്റൈലന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ്. അതു കൊണ്ടു തന്നെ ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മൂന്നു ദിവസം മുമ്പ് രാജ്യം കോവിഡ് ലോക്ക്ഡൗണിലേക്ക് പോയി. ഇതോടെ ഷൂട്ടിങ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. രണ്ടാം ഭാഗത്തില്‍ കുരിശിങ്കല്‍ കുടുംബത്തിലെ നാലാമനായ അബു ജോണ്‍ കുരിശങ്കലായി ആരെത്തും എന്നതാണ് ആകാംക്ഷ. ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ ആ വേഷത്തിലെത്തും എന്നാണ് കരുതപ്പെടുന്നത്.

അതേക്കുറിച്ച് നടി മംമ്ത മോഹന്‍ദാസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ;

‘ആ കഥാപാത്രമായി ഒരു സ്റ്റാര്‍ തന്നെയെത്തും. അതു തീരുമാനമായി ആളെയും തീരുമാനിച്ചു. പക്ഷേ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. കാത്തിരിക്കൂ ഒരു താരം തന്നെ ആ വേഷത്തിലെത്തും. മമ്മൂക്ക വീടിന് പുറത്തിറങ്ങിയാല്‍ അന്ന് ബിലാല്‍ തുടങ്ങും.’

2007 ഏപ്രിലിലാണ് ബിഗ് ബി പുറത്തിറങ്ങിയത്. ബിലാല്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മമ്മൂട്ടിയെ കൂടാതെ മംമ്തയും ബാലയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.