മുംബൈ: സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യണെന്നും അവ പങ്കുവയ്ക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബോളിവുഡ് മുന്‍ നടി സൈറ വസീം. ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് ഇവര്‍ ആരാധകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ തന്റെ വിശ്വാസത്തെ ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ച നടിയാണ് സൈറ.

‘നിങ്ങള്‍ എനിക്ക് തന്ന നിരന്തര സ്‌നേഹത്തിനും അനുകമ്പയ്ക്കും ഓരോരുത്തരോടും നന്ദി പറയാന്‍ ഞാനീ നിമിഷം ഉപയോഗിക്കുന്നു. നിങ്ങളായിരുന്നു എന്റെ സ്‌നേഹവും കരുത്തും. എല്ലാത്തിനും പിന്തുണച്ച് കൂടെ നിന്നതിന് നന്ദി. ഈ കരുതലും സ്‌നേഹവും ഉള്‍ക്കൊണ്ട് തന്നെ നിങ്ങളോട് ഞാന്‍ ഒരു സഹായം കൂടി ചോദിക്കുകയാണ്. നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് എന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു. ഫാന്‍ പേജുകളില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നു’ – അവര്‍ കുറിച്ചു.

‘ ഇന്റര്‍നെറ്റില്‍ നിന്ന് ഇത് നീക്കം ചെയ്യുക എന്നത് അസാധ്യമാണ് എന്ന് അറിയാം. എങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ പേജുകളിലൂടെ അത് പങ്കുവയ്ക്കാതിരിക്കാമല്ലോ. ഇതുവരെ നല്‍കിയ പിന്തുണ ഇക്കാര്യത്തിലും എനിക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ സഹകരണം എനിക്കേറെ സഹായകമാകും. എന്റെ യാത്രയുടെ ഭാഗമായതിന് നന്ദി. അല്ലാഹു പ്രതിഫലം നല്‍കട്ടെ’ – അവര്‍ എഴുതി.

ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സൈറ. പിന്നീട് ഇവര്‍ അഭിനയം നിര്‍ത്തി എന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇടക്കാലത്ത് വെട്ടുകിളി ആക്രമണത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പങ്കുവച്ച അവര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.