നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇടുക്കി മജിസ്‌ട്രേറ്റിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നത്.

കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് തൊടുപുഴ സി.ജെ.എമ്മിന്റെ കണ്ടെത്തല്‍. രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് പോലീസിനോട് വിശദീകരണം ചോദിച്ചില്ല.എന്നിങ്ങനെയാണ് സി.ജെ.എമ്മിന്റെ കണ്ടെത്തല്‍.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് രാജ്കുമാറിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. പക്ഷേ, ഇതിന്റെ മെഡിക്കല്‍ രേഖകള്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല. വെളിച്ചമില്ലാത്ത സ്ഥലത്തുവച്ചാണ് മജിസ്‌ട്രേറ്റ് രാജ്കുമാറിനെ പരിശോധിച്ചത്. അവരുടെ വീടുവരെ വാഹനം പോകുമായിരുന്നിട്ടും വീട്ടില്‍നിന്നിറങ്ങിപ്പോയാണ് രാജ്കുമാറിനെ പരിശോധിച്ചത്. അതിനാല്‍ രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.