വെല്ലിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സാമൂഹിക അകലം ലംഘിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവര്‍ ഖേദം പ്രകടിപ്പിച്ചത്.

‘ഞാന്‍ തെറ്റു ചെയ്തു’ എന്നാണ് ജസീന്ദ മാധ്യമങ്ങളോട് പറഞ്ഞത്. സെല്‍ഫിക്ക് പുറമേ, നിര്‍മാണ തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കെതിരെ നാഷണല്‍ പാര്‍ട്ടി നേതാവ് ജുഡിത് കോളിന്‍സ് രംഗത്തു വന്നു.

തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേതാവായ ആര്‍ഡെന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്ത ജസീന്ദയുടെ രീതി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.