india

‘ക്രൂര പീഡനം, നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിച്ചു’: അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

By webdesk12

February 14, 2023

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അര്‍ജുനും കുടുംബവും ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിച്ചെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.തനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അര്‍ജുനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമാവും എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോര്‍ഷന്‍ ചെയ്തതെന്നും എന്നാല്‍ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു.

2019ലാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. തൊട്ടടുത്ത വര്‍ഷം വിവാഹവും കഴിഞ്ഞു. 2021ലുണ്ടാകുന്ന ഒരപകടത്തിലാണ് അര്‍ജുനുള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് ഇടപാട് പൊലീസ് കണ്ടെത്തുന്നത്. എന്നാല്‍ അന്നത്തെ ചോദ്യം ചെയ്യലില്‍ തനിക്ക് അര്‍ജുന്റെ ഇടപാടുകളെ കുറിച്ച്‌ ഒന്നുമറിയില്ല എന്നായിരുന്നു അമലയുടെ മൊഴി. ഇതിന് നേരെ വിപരീതമായി അര്‍ജുന്റെ ഇടപാടുകളെ കുറിച്ച്‌ തനിക്കെല്ലാമറിയാമെന്ന് ലൈവില്‍ അമല പറയുന്നു.

താനൊരു ഇടതുപക്ഷ അനുഭാവിയാണെന്നും തനിക്കെന്തും ചെയ്യാനാവുമെന്നും അര്‍ജുന്‍ പറഞ്ഞിട്ടുണ്ട്. അര്‍ജുന്‍ ആദ്യമായി ജയിലില്‍ കിടന്ന സമയത്ത് ഇയാളുടെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുമായിരുന്നു. ജയിലില്‍ അര്‍ജുനെ കാണാന്‍ ചെല്ലുമ്ബോഴൊക്കെ നീയെന്താ ഒന്നും ചെയ്യാത്തത് എന്ന് ചോദിച്ച്‌ ചീത്ത വിളിക്കുമായിരുന്നു. തനിക്ക് ഭ്രാന്തായതിനാലാണ് രണ്ട് തവണ അബോര്‍ഷനായത് എന്നാണ് പറഞ്ഞു നടന്നിരുന്നത്. എന്നാല്‍ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം ചെയ്യിക്കുകയായിരുന്നു.