ലക്‌നോ: ടിവി ചാനലുകള്‍ക്ക് പരസ്യത്തിനായി ഒരു വര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത് 160.31 കോടി. ഇതില്‍ ഏറ്റവും കൂടുതല്‍ പരസ്യം നേടിയത് അനില്‍ അംബാനിയുടെ നെറ്റ്വര്‍ക്ക് 18 ചാനലുകളാണ്. ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച് 2021 വരെയുള്ള കണക്കാണ് വിവരാവകാശ നിയമത്തിലൂടെ പുറത്തുവന്നത്.

പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍, ദേശീയ ടെലിവിഷന്‍ ചാനലുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 88.68 കോടി ദേശീയ ചാനലുകള്‍ക്കും 71.63 കോടി പ്രാദേശിക ടിവി ചാനലുകള്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച ആത്മ നിര്‍ഭന്‍ ഭാരത് എന്ന ക്യാമ്പയിനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിച്ചത്.

അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പ് ആണ് പരസ്യവരുമാനം കൂടുതല്‍ ലഭിച്ചത്. 28.82 കോടിയാണ് ഇവര്‍ക്ക് ലഭിച്ചത്. സിഎന്‍എന്‍ ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, ന്യൂസ് 18 യുപി, ഉത്തരാഖണ്ഡ് ചാനലുകള്‍ ഉള്‍പ്പെടെയാണിത്. സീ മീഡിയയാണ് രണ്ടാം സ്ഥാനത്ത്.