കൊച്ചി: ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനകം റെക്കോഡുകള്‍ ഭേദിച്ച് കെ.ജി.എഫ് 2. കഴിഞ്ഞ ദിവസം ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ നടന്ന ചടങ്ങില്‍ യാഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനകം 5.1 കോടി പേരാണ് ഹിന്ദി ഭാഷയിലുള്ള ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്. കന്നഡ, തെലുഗ് ട്രെയിലറുകള്‍ രണ്ടു കോടി കാഴ്ച്ചക്കാരെ പിന്നിട്ടു. 80 ലക്ഷം പേരാണ് മലയാളം ട്രെയിലര്‍ കണ്ടത്. തമിഴ് ട്രെയിലര്‍ ഒരുകോടിയിലേറെ പേര്‍ ഇതിനകം കണ്ടു.

ട്രെയിലറിന് ലഭിച്ച വന്‍ പ്രതികരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്. വിജയ് കിരഗന്ധൂര്‍ ആണ് നിര്‍മാണം. കന്നഡ സൂപ്പര്‍ താരം ഡോക്ടര്‍ ശിവരാജ് കുമാറാണ്, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ട്രെയിലര്‍ എന്ന വിശേഷണവുമായി കെജിഎഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അധീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ പൃഥ്വിരാജും പങ്കെടുത്തിരുന്നു.