പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയ മുന്നേറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്തോഷം പങ്കുവെക്കുന്നതോടൊപ്പംതന്നെ തുടര്‍ പഠന കാര്യങ്ങളുടെ ആലോചനയില്‍ വലിയ ആശങ്കയുമുയര്‍ത്തിയിട്ടുണ്ട്. മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍പഠനത്തിന് സര്‍ക്കാര്‍ സംവിധാനം ലഭ്യമാകാതെ കേരളത്തില്‍ അറുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കേണ്ടിവരും എന്നതാണ്. ഇതില്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍നിന്നു മാത്രമാണ്. കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍മാത്രം സീറ്റുകളുടെ കുറവുണ്ട് .

തുടര്‍പഠനത്തിന് അവസരമൊരുക്കുക എന്നത് സര്‍ക്കാര്‍ ബാധ്യതയാണ്. ജീവിത സാഹചര്യങ്ങളിലെ അടിയന്തിര പ്രാധാന്യമുള്ള പല കാര്യങ്ങളും മാറ്റിവെച്ചാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ശ്രദ്ധയൂന്നുന്നത്. അത്തരം ഒരു മുന്‍ഗണന വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാറും ആസൂത്രണം ചെയ്യേണ്ടതുണ്ട്. മറ്റെന്തൊക്കെ കാര്യങ്ങള്‍ക്ക് ഫണ്ട് നീക്കിവെക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് അനിവാര്യമാണ്. നാളത്തെ ഇന്ത്യ ഇന്നത്തെ ക്ലാസ്സ് മുറികളിലാണെന്ന കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തിലെ വാചകങ്ങള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലടക്കം പുറത്തുനില്‍ക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ കണക്കാണ് മലബാറിലെ അരലക്ഷം എന്നു പറയുന്നത്. അതുകൊണ്ടുതന്നെ മലബാറില്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയുണ്ടാവേണ്ടതുണ്ട്. എസ്.എസ്.എല്‍.സിക്കു ശേഷം ഹയര്‍സെക്കണ്ടറി സര്‍ക്കാര്‍ മേഖലയില്‍ പ്രവേശനം കിട്ടാതെ സ്വകാര്യ മേഖലയിലും മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെക്കൂടി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരില്‍ സീറ്റില്ലാത്തതുകാരണം പഠനം നിര്‍ത്തേണ്ടിവന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ വളരെ ദയനീയമാണ്. ലോകം മുഴുവന്‍ വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമുണ്ടായ ഈ കാലത്തും വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്തെ പൊതു വിദ്യാഭ്യാസ യജ്ഞം പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനമായ കേരളത്തില്‍ ഉന്നത പഠനത്തിന് അവസരമില്ലായ്മയുണ്ട് എന്നത് വന്‍ കുറവായി തന്നെയാണ് കാണേണ്ടത്. സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാത്ത ഹൈസ്‌ക്കൂളുകള്‍തന്നെ ധാരാളമുണ്ട് സംസ്ഥാനത്ത്. പുതിയ ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്തന്നെ പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍മാത്രം മതിയാവില്ല നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്നും വ്യക്തമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍വേണ്ടിമാത്രം ആണ്ടുതോറും വഴിപാടുപോലെ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന പ്രവണതയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളം കാണുന്നത്. ഘട്ടം ഘട്ടമായി സീറ്റുവര്‍ധനവിലൂടെ ക്ലാസ് മുറികള്‍ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ ഗുണനിലവാരത്തിന് വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍ദ്ദേശിച്ച ക്ലാസ് മുറികളിലുണ്ടാവേണ്ട പരമാവധി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ അതിരുകള്‍ ഏറെ ഭേദിച്ച് പോയിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ പഠന പ്രക്രിയയിലും ആധ്യാപനത്തിലും മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ട് എന്ന പരാതികള്‍ ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതുകൊണ്ട്തന്നെ സീറ്റുകളുടെ വര്‍ധനവ് സ്വീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ല. പ്രത്യക്ഷത്തില്‍ സീറ്റ് വര്‍ധിപ്പിച്ചു എന്ന് പുറമേക്ക് പറയുകയും യാഥാര്‍ത്ഥ്യത്തില്‍ ഒരു ഫലവുമില്ലാതെപോവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് താല്‍ക്കാലിക സീറ്റ് വര്‍ധനവ്‌കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല ഹയര്‍സെക്കണ്ടറി മേഖലയില്‍ നിലവില്‍ സംസ്ഥാനത്തുള്ളത്.

ഓരോ ജില്ലയിലേയും കൃത്യമായ കണക്കെടുപ്പ് നടത്തി ഹയര്‍സെക്കണ്ടറിയില്ലാത്ത സ്‌കൂളുകള്‍ അടിയന്തിരമായി അപ്‌ഗ്രേഡ് ചെയ്യുകയും നിലവിലുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ സാഹചര്യമുണ്ടാക്കുകയും മാത്രമാണ് പരിഹാരം. അത്തരം കണക്കെടുപ്പിലേക്ക് സര്‍ക്കാര്‍ മുന്നോട്ട് വന്നാല്‍ തീര്‍ച്ചയായും മലബാര്‍ മേഖലയില്‍ പ്രത്യേക പാക്കേജ് അനിവാര്യമാണ് എന്ന് ബോധ്യപ്പെടും. അശ്രദ്ധ കാട്ടേണ്ടതോ അലസത കൊണ്ട് നീട്ടി വെക്കേണ്ടതോ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം കണ്ണ് തുറക്കേണ്ടതോ ആയ വിഷയമല്ല വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍. ഒരു തലമുറയുടെ ഭാവിയെ ബാധിക്കുന്ന അതിപ്രധാന വിഷയമാണിത് എന്ന ബോധ്യമാണ് വേണ്ടത്. ഹയര്‍ സെക്കണ്ടറി രംഗത്ത് അരലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുന്ന മലബാറിന് പ്രത്യേക പാക്കേജ് വേണം എന്ന ആവശ്യത്തിന് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്.

അവകാശങ്ങളും ആവശ്യങ്ങളും ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നോക്കി തിരിച്ച് വര്‍ത്തമാനങ്ങള്‍ പറയുന്ന പ്രവണത രാഷ്ട്രീയത്തില്‍ വര്‍ധിച്ചിട്ടുണ്ട്. അത്തരമൊരു എതിര്‍ വര്‍ത്തമാനം മലബാറിലെ വിദ്യാഭ്യാസ കാര്യത്തിലും ഇടക്കിടെ ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാറുണ്ട്. മുസ്‌ലിം ലീഗ് ഭരണത്തിലുള്ള കാലത്ത് എന്തുകൊണ്ട് മലബാറിലെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ കാര്യത്തില്‍ പരിഹാരമുണ്ടായില്ല എന്ന നിഷ്‌കളങ്ക ചോദ്യങ്ങള്‍ ഉയരാറുണ്ട്. ആ ചോദ്യങ്ങള്‍ അത്ര നിഷ്‌കളങ്കമല്ല, നിരര്‍ത്ഥകമാണ് എന്ന് കൃത്യമായി പരിശോധിച്ചാല്‍ ബോധ്യമാകും. കേരള പിറവി മുതല്‍ 2021 വരെ കാലയളവില്‍ കാല്‍ നൂറ്റാണ്ടിലധികം കാലം വിദ്യാഭ്യാസ മന്ത്രിക്കസേരയില്‍ മുസ്‌ലിംലീഗ് ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം ഹയര്‍സെക്കണ്ടറി വിഷയത്തില്‍ ചോദിക്കുന്നത് ബാലിശമാണ്. കാരണം സര്‍വകലാശാലകളില്‍നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി സ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി സംവിധാനം ആരംഭിക്കുന്നത് 1998ല്‍ മാത്രമാണ്. 1998 മുതല്‍ 2021 വരെ കാലയളവില്‍ ആറു മന്ത്രിസഭകളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 1998, 2006, 2016, 2021 നാലു മന്ത്രിസഭകള്‍ ഇടതുപക്ഷവും. 2001, 2011 എന്നീ രണ്ട് ഘട്ടങ്ങളിലാണ് യു.ഡി എഫ് അധികാരത്തില്‍ വന്നത്. ഈ രണ്ട് ഘട്ടങ്ങളില്‍ മാത്രമാണ് മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിമാര്‍ ഭരണത്തില്‍ ഉണ്ടായത്. രണ്ടു തവണയുണ്ടായ മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിമാരും നാലു തവണ വന്ന ഇടതുപക്ഷ മന്ത്രിമാരും ചെയ്ത സേവനങ്ങള്‍ ധവളപത്രമായി പുറത്തിറക്കിയാല്‍ ഈ സംശയം തീരും.

ഹയര്‍സെക്കണ്ടറി സംവിധാനം വന്നതിനുശേഷം എസ്.എസ്. എല്‍.സി വിജയ ശതമാനത്തില്‍ വന്ന വര്‍ധനവ് ഏറെ പ്രകടമായ ജില്ലയാണ് മലപ്പുറം. ഹയര്‍സെക്കണ്ടറി നിലവില്‍ വന്ന കാലത്ത് സംസ്ഥാനത്തുതന്നെ വിജയ ശതമാനം എഴുപതു ശതമാനത്തില്‍ താഴെയായിരുന്നു. അതേ കാലത്ത് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ താഴെയായിരുന്നു മലപ്പുറം ജില്ലയിലെ എസ്.എസ്.എല്‍.സി വിജയ ശതമാനം. ഏറ്റവും അവസാനമായി 2021ലെ എസ്.എസ്.എല്‍.സി ഫലം 99.47 ശതമാനമാണ് സംസ്ഥാന തലത്തില്‍. ഇതേ വിജയം മലപ്പുറം ജില്ലയിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട്തന്നെ ഹയര്‍സെക്കണ്ടറി പഠനത്തിന് യോഗ്യത നേടിയവരുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങളുടെ നിരത്തിവെപ്പല്ല. പരിഹാരങ്ങളുടെ ഇടപെടലുകളാണ് ആവശ്യം. സാമൂഹികമായ മുന്നേറ്റത്തിന് കാലത്തിന്റെ അനിവാര്യതകളോട് സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.