ആര്‍.എസ്.എസും നിതിന്‍ ഗഡ്കരിയും മോദിയെ വധിക്കാന്‍ ശ്രമിക്കുന്നെന്നും കുറ്റം മുസ്‌ലിംകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും തലയില്‍ ചാര്‍ത്താനാണ് പദ്ധതിയെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെയും വധിക്കാന്‍ ആസൂത്രണം ചെയ്‌തെന്ന തരത്തില്‍ പൂനെ പൊലീസ് കത്ത് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ഷെഹ്‌ലയുടെ പ്രതികരണം.

‘ആര്‍.എസ്.എസ്/ഗഡ്കരി മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നത് പോലെ തോന്നുന്നു. എന്നിട്ട് അത് മുസ്‌ലിങ്ങളുടെയും കമ്മ്യൂണിസ്റ്റുകളുടെയും തലയില്‍ ചാര്‍ത്തും. ശേഷം അതിന്റെ പേരില്‍ മുസ്‌ലിങ്ങളെ ആക്രമിക്കും.’ എന്നാണ് ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചത്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായി രംഗത്തിറങ്ങുമെന്ന് ഷെഹ്‌ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും യുവാക്കള്‍ തൊഴിലില്ലാതെ അലയുകയാണെന്നും ഷെഹ്‌ല കുറ്റപ്പെടുത്തിയിരുന്നു.

രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയില്‍ മാവോയിസ്റ്റുകള്‍ മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കഴിഞ്ഞ ദിവസമാണ് പൂനെ പോലിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഭീമ കൊറഗാവ് സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞത്. ഇത് സംബന്ധിച്ച് മലയാളിയായ റോണ ജേക്കബ് വില്‍സണെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദല്‍ഹിയിലെ റോണയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ ഗൂഢാലോചനയുടെ വിവരങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.