ന്യൂയോര്‍ക്ക്: നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്ക്. സംസ്ഥാനത്തെ 70 ശതമാനം മുതിര്‍ന്നവര്‍ക്കും ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് സംസ്ഥാനം നിര്‍ബന്ധിത കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി, സംസ്ഥാനത്തൊട്ടാകെ പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനം ആഘോഷിച്ചത്.

രാജ്യത്തെ മറ്റേതൊരു വലിയ സംസ്ഥാനത്തേക്കാളും ന്യൂയോര്‍ക്ക് മുതിര്‍ന്നവര്‍ക്ക് പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ന്യൂയോര്‍ക്കുകാര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് തുടരുമെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങള്‍ ഉടനടി നീക്കം ചെയ്യും. എന്നാല്‍ യു.എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചില നിയന്ത്രണങ്ങള്‍ തുടരുമെന്നും ക്യൂമോ പറഞ്ഞു.

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കുകയോ രണ്ട് മീറ്റര്‍ സാമൂഹിക അലകം പാലിക്കേണ്ടതോ ആവശ്യമില്ല. എന്നാല്‍, വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.