പാരിസ്: കൂവി വിളിച്ച പി.എസ്.ജി ആരാധകര്‍ക്ക് മുന്നില്‍ മിന്നും ഗോളിലൂടെ മറുപടി നല്‍കി നെയ്മര്‍. സ്റ്റ്രാസ്ബര്‍ഗിനെതിരായ നടന്ന മത്സരത്തിലാണ് മാജിക്ക് ഗോള്‍ പിറന്നത്. മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴി കേട്ട നെയ്മര്‍ നാല് മത്സരങ്ങളുടെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങിയത്. എന്നാല്‍ നെയ്മറിനെ കൂവിയാണ് പി.എസ്.ജി ആരാധകര്‍ വരവേറ്റത്. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ബ്രസീല്‍ താരത്തിനെതിരായ പോസ്റ്ററുകളും ഗാലറിയില്‍ ഉയര്‍ന്നിരുന്നു.

പി.എസ്.ജിക്കായി ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ലക്ഷ്യം കണ്ടു. അതും മനോഹരമായൊരു ബൈസൈക്കിള്‍ കിക്കിലൂടെ.
ഇടതു വിങ്ങില്‍ നിന്ന് ഡിയാലോ നല്‍കിയ ക്രോസ് നെയ്മറിന്റെ പിറകിലേക്കാണ് വന്നത്. ആ ക്രോസ് ഒരു ബൈസിക്കിള്‍ കിക്കിലൂടെ നെയ്മര്‍ വലയിലാക്കി. ഇതോടെ അതുവരെ കൂവിയ ആരാധകര്‍ നെയ്മറിനു വേണ്ടി കൈയടിച്ചു.