കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിനാണ് (26) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 14 ആയി.

സംസ്ഥാനത്ത് ഇതുവരെ 15 പേര്‍ക്കാണ് നിപ്പ സ്ഥിരീകരിച്ചത്. അവരില്‍ 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 12 പേര്‍ക്കാണ് നിപ്പ വൈറസ് ബാധ സംശയിക്കുന്നത്. 12 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേര്‍ മലപ്പുറത്ത് നിന്നുള്ളവരാണ്.

നിപ്പ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പ വൈറസുമായി ബന്ധപ്പെട്ട 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ്പ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും അപകടസാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന് പറയാനായിട്ടില്ല. മെയ് അവസാനവാരം ആകുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.