ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യു.കെയില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ് നീരവ്‌മോദി യു.കെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

നേരത്തെ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നീരവ് മോദി ഒരു അഭിഭാഷകനുമായി ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. വ്യാജ രേഖകള്‍ നല്‍കി പി.എന്‍.ബിയില്‍ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് ഇയാള്‍ യു.കെയിലേക്ക് കടന്നത്.

കേസില്‍ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ഇന്ത്യവിട്ടത്. ആദ്യം യു.എ.ഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് ഇയാള്‍ ഇപ്പോള്‍ യു.കെയില്‍ അഭയം തേടിയിരിക്കുന്നത്. അതേസമയം, സ്വകാര്യ കേസുകളിലെ വിവരങ്ങള്‍ കൈമാറാന്‍ ആകില്ലെന്ന് ബ്രിട്ടന്‍, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാല്‍ നീരവ് യു.കെയിലെത്തിയെന്നതിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.