തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിട്ട കേസില്‍ രണ്ട് പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യം നല്‍കി.

മനോരമാന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് എഡിറ്റര്‍ പി രാജീവ് പറഞ്ഞത്. വിശദീകരണം കിട്ടിയോ, അത് പരിശോധിച്ച് തൃപ്തികരമായിരുന്നോ, വേറെ നടപടിയെടുത്തോ എന്ന പ്രതികരണമൊന്നും സിപിഎം മുഖപത്രം പിന്നീട് നല്‍കിയതുമില്ല.