തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പ്രത്യേക മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒമ്പതിനാകും സഭ ചേരുക. സാധാരണ എട്ടരക്കാണ് സഭ ചേരാറുളളത്. ചോദ്യോത്തരവും ശൂന്യവേളയും ഉണ്ടാകില്ല. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കും. ബിജെപി അംഗം ഒ.രാജഗോപാല്‍ എതിര്‍ത്താല്‍ നിയമസഭക്ക് ഏകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ കഴിയാതെ വരും.

സഹകരണ മേഖലയിലെ നിക്ഷേപകര്‍ക്ക് ഇടപാടുകള്‍ നടത്താനാവശ്യമായ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സഹകരണ വകുപ്പിനെ മന്ത്രിസഭായോഗം ഇന്നലെ ചുമതലപ്പെടുത്തി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.