പുതിയ 2000 രൂപാ നോട്ടില്‍ പുതുതായി സുരക്ഷാ സംവിധാനങ്ങളൊന്നും ചേര്‍ക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. നോട്ടുകളെല്ലാം ഇന്ത്യയിലാണ് പ്രിന്റ് ചെയ്തതെന്നും എന്നാല്‍ പഴയ 500, 1000 രൂപാ നോട്ടുകളെക്കാള്‍ സുരക്ഷാ സംവിധാനങ്ങളൊന്നും പുതിയ നോട്ടുകളില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെക്യൂരിറ്റി ഫീച്ചറുകള്‍ മാറ്റുന്നത് ഒട്ടേറെ പ്രയാസമുള്ള കാര്യമാണെന്നും അതിന് അഞ്ച് മുതല്‍ ആറു വരെ വര്‍ഷങ്ങളെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2005ലാണ് അവസാനമായി സുരക്ഷാ സംവിധാനങ്ങള്‍ മാറ്റിയത്. വാട്ടര്‍ മാര്‍ക്ക്, സുരക്ഷാ ത്രഡ്‌സ്, ഫൈബര്‍, മങ്ങിയ ചിത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സുരക്ഷാ ഫീച്ചറുകളാണ് അന്ന് ഏര്‍പ്പെടുത്തിയത്.

ആറു മാസം മുമ്പ് മാത്രമാണ് പുതിയ നോട്ടിറക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഡിസൈനില്‍ മാത്രമാണ് മാറ്റം വരുത്തിയത്. അല്ലാതെ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു.