പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പതിനൊന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നര മാസത്തെ ഇടവേളയില്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ മൂത്ത കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മൃതദേഹ പരിശോധനയില്‍ സൂചനയുണ്ടായിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നില്ല.

പതിനൊന്നുകാരിയായ മൂത്തകുട്ടിയെ ജനുവരി ഒന്നിനും ഒമ്പത് വയസ്സുള്ള ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് ഒറ്റമുറി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു സംഭവങ്ങളിലേയും സമാനതകളാണ് സംശയത്തിന് ഇടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ടു കുട്ടികളും ബലാല്‍സംഗത്തിന് ഇരയായതായി വ്യക്തമായി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെ എസ്‌ഐയെ മാറ്റി നാര്‍ക്കോട്ടിക് ഡിവൈഎസ്പി എംജെ സോജന് അന്വേഷണ ചുമതല നല്‍കിയിരുന്നു.