കളമശ്ശേരി: കളമശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ തനിക്ക് പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള പിന്തുണ വേണ്ടെന്ന് ഡോക്ടര്‍ നജ്മ. എല്ലാവരും ഒന്നിച്ചു പോരാടുകയാണ് വേണ്ടത് എന്നും തന്നെ കരുവാക്കരുത് എന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എല്ലാ സിസ്റ്റര്‍മാരും മോശക്കാരാണ് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇത് കൃത്യമായി മനസ്സിലാക്കുന്നവര്‍ ഉണ്ട്. ഇത് രാഷ്ട്രീയവല്‍ക്കരിക്കാനും മതവും ഉള്ളവര്‍ മാത്രമാണ് ഇതിനെ വളച്ചൊടിക്കുന്നത്. എന്നെ സിസ്റ്റര്‍മാര്‍ വിളിച്ചു. വിദ്യാര്‍ത്ഥികള്‍ വിളിച്ചു. അവര്‍ പിന്തുണയറിയിച്ചു. ഞാന്‍ ഒരിക്കലും സിസ്റ്റര്‍മാരെ മൊത്തത്തില്‍ കുറ്റം പറഞ്ഞിട്ടില്ല. ഡോക്ടര്‍മാരെ മൊത്തത്തിലായി കുറ്റം പറഞ്ഞിട്ടില്ല. എന്റെ കോളജ് ഒന്നും ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത് ശവപ്പറമ്പാണ് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പേടിപ്പിക്കരുത്. ഒരു പാര്‍ട്ടിക്കാരും പേടിപ്പിക്കരുത്. എല്ലാവരും ഒന്നിച്ചു നില്‍ക്കുക. ദയവു ചെയ്ത എന്നെ ഇതില്‍ കരുവാക്കരുത്. ഇത് എല്ലാവരും ഒന്നിച്ചു പോരാടി തിരുത്തേണ്ടതാണ്’ – അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ തനിക്കൊപ്പം ആരുമില്ലെന്നും തനിച്ചുള്ള പോരാട്ടമാണ് നടത്തുന്നത് എന്നും പറഞ്ഞ് അവര്‍ വിതുമ്പിയിരുന്നു.

ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘ഉറപ്പായിട്ടും ഉണ്ട്. ഞാന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ഉണ്ടല്ലോ, ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. നിങ്ങള്‍ ഒരു സംഘടനയുടെ ബലത്തിലല്ല ഇവിടെ നില്‍ക്കുന്നത്. എനിക്ക് ആരുമില്ല. അങ്ങനെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നാളെ ഞാന്‍ എങ്ങനെ ഡ്യൂട്ടി എടുക്കും എന്ന് എനിക്കറിയില്ല’ – എന്നായിരുന്നു അവരുടെ മറുപടി.

ചര്‍ച്ചയ്ക്കിടെ ഐസിയുവിലെ വീഡിയോ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടു. വീഡിയോവില്‍ അലാറം മുഴങ്ങുന്നത് കേള്‍ക്കാമായിരുന്നു. ഇത് അലാറമല്ലേ എന്നും അവര്‍ ചോദിച്ചു.

‘ഇത്രയും നാള്‍ കരയാതെ പിടിച്ചു നിന്നു. നാളെ ഞാന്‍ അനുവദിക്കുകയാണ് എങ്കില്‍ ഡ്യൂട്ടിക്ക് കയറും. എനിക്ക് സ്റ്റാഫ് സിസ്റ്റര്‍മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, അവര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. കാരണം എപ്പോഴും ഞാന്‍ അവരെ ചീത്ത പറയും. അവരുടെ തെറ്റുകുറ്റങ്ങള്‍ പറയുന്നത് കൊണ്ട്. ഇപ്പോഴും അവര്‍ക്ക് എന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ഇഷ്ടമല്ല. ഞാനൊരു മഹദ് വ്യക്തിയാണ് എന്ന് ആരോടും പറഞ്ഞിട്ടില്ല. നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇനിയും രോഗികള്‍ മരിച്ചു വീഴുന്നത് കണ്ടു നില്‍ക്കാന്‍ പറ്റില്ല’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ സന്ദേശം സത്യമാണെന്ന് നജ്മ അഭിപ്രായപ്പെട്ടിരുന്നു. ഓക്‌സിജന്‍ മാസ്‌ക് അഴിഞ്ഞും വെന്റിലേറ്റര്‍ ട്യൂബ് ഘടിപ്പിക്കാതെയും രോഗികള്‍ ഇവിടെ കഷ്ടപ്പെടുന്നതായി നജ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മരണമടഞ്ഞ ജമീലയുടെയും ബൈഹഖിയുടെയും ബന്ധുക്കള്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രിയുടെ യശസ്സിനെ കെടുത്താനുളള ശ്രമമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം.

അതിനിടെ, മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ് കാരണം രോഗി മരിച്ചെന്ന ആരോപണത്തില്‍ പൊലീസില്‍ പരാതി ലഭിച്ചു. ആലുവ സ്വദേശി ബൈഹക്കിയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. മരിച്ച ജമീലയുടെ കുടുംബവും ഇന്ന് പൊലീസില്‍ പരാതി നല്‍കും. അതേസമയം, സൈബര്‍ ആക്രമണം നടക്കുന്നുവെന്ന ഡോക്ടര്‍ നജ്മയുടെ പരാതിയിലും പൊലീസ് നടപടി ആരംഭിച്ചു. ജൂലൈ 24 നാണ് ആലുവ എടത്തല സ്വദേശി ബൈഹക്കി മരിച്ചത്.