ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പ്രധാനമന്ത്രിയുടേയോ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയോ ചിത്രങ്ങളുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തമാസം നാലുമുതല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കും. രാഷ്ട്രീയ സംഘടനകളുടേയോ പാര്‍ട്ടികളുടേയോ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പണമോ പാരിതോഷികമോ നല്‍കുന്നതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കമ്മീഷന്‍ അറിയിച്ചു. തങ്ങളുടെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നേതാക്കന്‍മാരുടെ ഫോട്ടോ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള എല്ലാ പരസ്യങ്ങളും പിന്‍വലിക്കണമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്പുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മോദിയുടെ ഫോട്ടോക്കൊപ്പം പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് എട്ടുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11ന് വോട്ടെണ്ണും.