ക്വലാലംപൂര്‍: ഇസ്രാഈലി അത്‌ലറ്റുകള്‍ക്ക് മലേഷ്യന്‍ ഭരണകൂടം വിസ നിഷേധിച്ചു. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീന്‍ ജനതയോടുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ലോക പാരലിംപിക് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഇസ്രാഈലി അത്‌ലറ്റുകള്‍ സമര്‍പ്പിച്ച വിസ അപേക്ഷയാണ് മലേഷ്യ നിരസിച്ചത്.

ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രാഈലികള്‍ക്ക് മലേഷ്യയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫലസ്തീന്‍ ജനതയോടുള്ള ഇസ്രാഈല്‍ ക്രൂരത അവസാനിപ്പിക്കാത്ത പക്ഷം മലേഷ്യന്‍ നിലപാട് ഇതേ രീതിയില്‍ തുടരും. തന്റെ നിലപാട് രാജ്യത്തിന്റെ നിലപാടാണെന്നും അതിനാല്‍ ഇസ്രാഈലി അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ചതിന്റെ പേരില്‍ സംഘാടകര്‍ ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ അത് ഉചിതമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രാഈലി ഒളിംപിക് കമ്മിറ്റി മലേഷ്യക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് മഹാതിര്‍ മുഹമ്മദ് അറിയിക്കുകയായിരുന്നു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ അമ്പതു വര്‍ഷമായി മലേഷ്യ ഇസ്രാഈലി ഭരണകൂടവുമായി സുപ്രധാന കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല.