വാഷിങ്ടണ്‍: ഉത്തര കൊറിയയെ മെരുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. യുഎസ് തന്ത്രത്തിന് പിടികൊടുക്കാതെ ഉത്തര കൊറിയയും. ഒന്‍പതു ദിവസം നീളുന്ന ഏഷ്യ സന്ദര്‍ശനത്തില്‍ അഞ്ച് രാജ്യങ്ങളില്‍ ട്രംപ് എത്തിച്ചേരും. അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനമാണിത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് ജപ്പാനില്‍ എത്തിച്ചേര്‍ന്നു. ജപ്പാനിലേക്കുളള യാത്രയ്ക്കിടെ അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപില ഹെക്കാം വ്യോമസേനാ താവളത്തില്‍ ആദ്യദിനം സൈനികരുമായി ട്രംപ് കൂടികാഴ്ച നടത്തി. ജപ്പാനിലെത്തുന്ന ട്രംപ് ടോക്കിയോയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടികാഴ്ച നടത്തും. ജപ്പാന്റെ അയല്‍ രാജ്യവും യുഎസിന്റെ എതിര്‍രാജ്യവുമായ ഉത്തര കൊറിയയുടെ വെല്ലുവിളികള്‍ക്ക് ട്രംപ് മറുപടി നല്‍കും. സോളില്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ചര്‍ച്ച നടത്തുന്നുണ്ട്. എട്ടാം തീയതി ചൈനയിലാണ് ട്രംപിന്റെ സന്ദര്‍ശനം. ബെയ്ജിങില്‍ പ്രസിഡന്റ് ഷി ചിന്‍പിങുമായി കൂടികാഴ്ച നടത്തും. 10,11 തീയതികളില്‍ വിയറ്റ്‌നാമില്‍ അപെക് സമ്മേളനത്തില്‍ പങ്കാളിയാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫിലിപ്പിന്‍സിലെ മനിലയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തിലും പങ്കെടുക്കും.

ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിയും അന്താരാഷ്ട്ര വാണിജ്യബന്ധങ്ങളുമാണ് ട്രംപിന്റെ യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഉത്തര കൊറിയയെ ആണവ മുക്തമാക്കാന്‍ രാജ്യാന്തര പരിഹാരം. ഇന്‍ഡോ-പസഫിക് മേഖല തുറന്നിടുക, ജപ്പാനുമായി ഉഭയകക്ഷി വ്യാപാര കരാര്‍, ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് ഉത്തര കൊറിയയ്‌ക്കെതിരെ സഖ്യകക്ഷി ബന്ധം. ചൈനയുടെ നിയന്ത്രിത വ്യാപാര മേഖലകളില്‍ യുഎസ് പ്രാതിനിധ്യം. വിയറ്റ്‌നാമും മറ്റ് ഏഷ്യ പസഫിക് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍. ഫിലിപ്പിന്‍സുമായി നാവിക ബന്ധം എന്നിങ്ങനെ നീളുന്നു ട്രംപിന്റെ യാത്രയുടെ ലക്ഷ്യങ്ങള്‍.

അതേ സമയം ഏഷ്യന്‍ സന്ദര്‍ശനത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ടതിനു പിന്നാലെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ രംഗത്തെത്തി. രാജ്യാന്തര സമ്മര്‍ദ്ദത്തിനും ഉപരോധങ്ങള്‍ക്കും വഴങ്ങി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന വിശ്വാസം വെറും തോന്നല്‍ മാത്രമാണെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന്, ‘പകല്‍ സ്വപ്‌നം കാണുന്നത് നിര്‍ത്തൂ’ എന്ന തലക്കെട്ടോടെ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു.

യുഎസിനു തങ്ങളോടുള്ള ശത്രുതാ മനോഭാവം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപയോഗിച്ച് സ്വയരക്ഷ തീര്‍ക്കുന്ന നടപടികള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.യുഎസിന്റെയും ഉത്തര കൊറിയയുടെയും ഭീഷണിയ്ക്കിടയില്‍ ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കൊറിയന്‍ മുനമ്പിനെ അനാവശ്യ സമ്മര്‍ദ്ദങ്ങളിലേക്കും യുദ്ധ ഭീതിയിലേക്കും തള്ളിവിടുന്നത് ട്രംപ് ആണെന്ന് ആരോപിച്ച് അഞ്ഞൂറോളം ആളുകള്‍ സോളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. എന്നാല്‍ ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രകടനം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.