ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരെയുള്ള ഉപരോധങ്ങള്‍ ലംഘിച്ച നാലു കപ്പലുകള്‍ക്ക് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വിലക്കേര്‍പ്പെടുത്തി. ഉത്തരകൊറിയയിലേക്ക് നിരോധിത ചരക്കുകള്‍ കടത്തിയ നാലു കപ്പലുകളെയും തുറമുഖങ്ങളിലേക്ക് അടുപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി യു.എന്‍ പാനല്‍ കോര്‍ഓഡിനേറ്റര്‍ ഹഫ് ഗ്രിഫിത്‌സ് പറഞ്ഞു.

ആറാമത്തെ ഏറ്റവും വലിയ ആണവ പരീക്ഷണം നടത്തിയതോടെയാണ് യു.എന്‍ രക്ഷാസമിതി ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കിയത്. ഈമാസം അഞ്ചിന് ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഉത്തരകൊറിയയിലേക്കുള്ള കപ്പലുകള്‍ യു.എന്‍ നിരീക്ഷണത്തിലാണ്. ഉത്തരകൊറിയയില്‍നിന്ന് വസ്ത്രങ്ങളും കല്‍ക്കരിയും സമുദ്രഭക്ഷ്യവസ്തുക്കളും ഇരുമ്പയിരും ഇറക്കുമതി ചെയ്യുന്നത് യു.എന്‍ വിലക്കിയിട്ടുണ്ട്. പ്രധാന സാമ്പത്തിക പങ്കാളിയായ ചൈനയും ഉപരോധവുമായി സഹകരിക്കുന്നത് ഉത്തരകൊറിയക്ക് കനത്ത തിരിച്ചടിയാണ്.