തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. സംസ്ഥാനത്തെ നിരവധി എടിഎമ്മുകളില്‍ ഇപ്പോഴും പണം ലഭ്യമല്ല. പണം ലഭിക്കുന്നയിടങ്ങളില്‍ നീണ്ട ക്യൂ ആണ് ആളുകള്‍ നേരിടുന്നത്. അതേസമയം, ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ അവരെ പ്രതിഷേധത്തിലേക്ക് നയിക്കാമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുകയാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ ജനങ്ങളുടെ പ്രതിഷേധം പരിധിവിടാന്‍ സാധ്യത നിലനില്‍ക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന വ്യാപാരി വ്യവസായ സമിതിയുടെ സമരം പിന്‍വലിച്ചു. ധനമന്ത്രിയുയുള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്.

പ്രതിസന്ധി രൂക്ഷമായതോടെ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്ന് മുതല്‍ എടിഎമ്മുകളില്‍ നിന്ന് 2500 രൂപവരെ പിന്‍വലിക്കാം. ബാങ്കില്‍ നിന്ന് 10000 രൂപ എന്ന നിര്‍ദ്ദേശവും മാറ്റി. ആഴ്ച്ചയില്‍ 24,000വരെയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇളവ് നല്‍കിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.