തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന നഴ്‌സുമാരുടെ സംഘടനകളുമായി തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയം. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തിങ്കളാഴ്ച ആസ്പത്രി മാനേജ്‌മെന്റുകളെ കൂടി ഉള്‍പെടുത്തി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകളോട് എന്തെല്ലാം വിഷയങ്ങളാണ് ഉന്നയിക്കേണ്ടത് എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും ശനിയാഴ്ച മുതല്‍ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് തല്‍ക്കാലം പിന്‍മാറുകയാണെന്ന് ചര്‍ച്ചക്ക് ശേഷം ഐ.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം കണ്ണൂര്‍ ഉള്‍പെടെയുള്ള ജില്ലകളില്‍ നടന്നുവരുന്ന സമരം തുടരും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.