കൊച്ചി: നഴ്‌സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മാര്‍ച്ച് 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ അന്തിമ വിജ്ഞാപനം വേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമരം തുടങ്ങാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. സമരം വിലക്കിയതോടെ മാര്‍ച്ച് ആറ് മുതല്‍ അനിശ്ചിതകാലത്തേക്ക് ലീവെടുക്കാന്‍ യു.എന്‍.എ തീരുമാനിച്ചിരുന്നു.

തുടര്‍ന്നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം മാര്‍ച്ച് 31നകം ഇറക്കുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. വിധിയെ നിയമപരമായി നേരിടുമെന്നും കേസില്‍ കക്ഷി ചേരുമെന്നും യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.