കൊച്ചി:സ്വകാര്യ ആസ്പത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയം. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ആസ്പത്രി ഉടമകളുടെ അഞ്ച് സംഘടനകളും യുഎന്‍എയും മറ്റ് തൊഴിലാളി സംഘടനകളും ഹൈക്കോടതി പ്രതിനിധികളുടെ മധ്യസ്ഥതയില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെങ്കിലും മിനിമം വേതന കാര്യത്തില്‍ തീരുമാനമായില്ല. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ഐആര്‍സി) നിര്‍ദേശിച്ചിട്ടുള്ള ശമ്പള വര്‍ധന നടപ്പിലാക്കുന്നതില്‍ വിരോധമില്ലെന്നും വിട്ടു വീഴ്ചക്കും തയ്യാറാണെന്നും ആസ്പത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി.എന്നാല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്ന ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച്ചകള്‍ക്കില്ലെന്ന് തൊഴിലാളി സംഘടനകളും അറിയിച്ചതോടെ ചര്‍ച്ച വഴിമുട്ടി.

വിട്ടുവീഴ്ചക്ക് തയ്യാറായി എന്നു ആസ്പത്രി മാനേജ്‌മെന്റുകള്‍ വാദിക്കുമ്പോഴും ശമ്പളത്തിന്റെ കാര്യത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നടപ്പിലാക്കുവാന്‍ തയറാകുന്നില്ലെന്ന് യുഎന്‍എ, ഐഎന്‍എ സംഘടന പ്രതിനിധികള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ശമ്പള വര്‍ധനവ് അട്ടിമറിക്കുന്നതിനാണ് ആസ്പത്രി മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെയ് 12 മുതല്‍ അനിശ്ചിതകാല സമരമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകും. ശമ്പളം പരിഷ്‌കരണം അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപിച്ചു.