കൊച്ചി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. അന്തിമവിജ്ഞാപനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ തടസ്സമില്ല. സാധ്യമാണെങ്കില്‍ രമ്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാരിന് ശ്രമം നടത്താമെന്ന് കോടതി പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ആശുപത്രി മേഖലയെ തകര്‍ക്കുന്നതാണെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച വേതനം അതേപടി നടപ്പാക്കണമെന്ന് നഴ്‌സുമാരും നിലപാടെടുത്തു. ഇരുവിഭാഗവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോടതി നിലപാടനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍ പറഞ്ഞിരുന്നു.