സാമൂഹ്യ നീതിയുടെ സംരക്ഷണത്തിനായി സമാനമനസ്‌കരായ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യോജിച്ച നിര ഉയര്‍ന്നു വരണമെന്നും നീതി നിഷേധത്തിനെതിരെ ഒന്നിച്ച് പോരാടണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മെഡിക്കല്‍, ദന്തല്‍ മേഖലയിലെ 27 ശതമാനം സംവരണം ശരിവെച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിക്കു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആദരിക്കുന്നതിനും, സാമൂഹ്യനീതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനും വേണ്ടി നടന്ന ദേശീയ വെര്‍ച്വല്‍ സെമിനാറില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തില്‍ വിജയം കൈവരിച്ച ഡി.എം.കെ ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും ഇ.ടി അഭിനന്ദിച്ചു. സംവരണത്തിന്റെ മാനദണ്ഡമായി സാമ്പത്തികം കൊണ്ടുവന്ന കേന്ദ്ര ഗവണ്‍മെന്റ് നിയമത്തെ ശക്തിയുക്തം പാര്‍ലമെന്റില്‍ എതിര്‍ത്ത സംഘടനയാണ് മുസ്ലിംലീഗെന്നും ഇതിനെതിരെ പാര്‍ട്ടി നിയമ പോരാട്ടം തുടരുന്നുണ്ടെന്നും ഇ.ടി വ്യക്തമാക്കി.

ഡിഎംകെയുമായി സുദൃഢമായ രാഷ്ട്രീയ ബന്ധം തുടരുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതി സംരക്ഷണത്തിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ കൂട്ടിച്ചേര്‍ത്ത് ദേശീയതല സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യാതിഥിയായ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ വില്‍സണ്‍, ആര്‍.ജെ.ഡി നേതാവും രാജ്യസഭാംഗവുമായ മനോജ് കുമാര്‍ ജ്ഹാ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയന്‍ എം.പി, ആന്ധ്രപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആദി മുലാപൂ സുരേഷ് മഹാരാഷ്ട്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ച്ഛഗന്‍ ചന്ദ്രകാന്ത ഭൂജ്പല്‍, അമേരിക്കയിലെ ലീഡ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഹരി ഇപ്പനപ്പള്ളി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദിലീപ് മണ്ഡല്‍ എന്നിവര്‍ സംസാരിച്ചു. ജസ്റ്റിസ് വി. ഈശ്വരയ്യ സ്വാഗതവും അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി വീരേന്ദ്ര സിങ് യാദവ് നന്ദിയും പറഞ്ഞു.