ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഒ.ബി.സി) 27 ശതമാനം സംവരണത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് പഠിക്കാനായി രാഷ്ട്രപതി 2017ല്‍ നിയമിച്ച മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ സമിതിയുടെ നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലുള്ള നിര്‍ദേശമുള്ളത്.
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം റിപ്പോര്‍ട്ട് സ്വീകരിക്കുകയാണെങ്കില്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ സമവാക്യങ്ങളില്‍ നാടകീയ മാറ്റങ്ങള്‍ക്ക് ഇതു കാരണമാകും. മോദി സര്‍ക്കാറിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. സംവരണം വഴി ഓരോ വിഭാഗത്തിനും എത്ര ആനുകൂല്യം കിട്ടി എന്നതിനനുസരിച്ച് മൂന്ന് ഉപ വിഭാഗങ്ങളായി ഒ.ബി.സി വിഭാഗത്തെ മാറ്റാനാണ് സമിതി നിര്‍ദേശിക്കുന്നത്. നിലവില്‍ രാജ്യത്തെ 2633 ഒ.ബി.സി ജാതികളാണ് 27 ശതമാനം സംവരണത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ സംവരണം വഴി കാര്യമായ നേട്ടം കൊയ്യാത്ത വിഭാഗങ്ങള്‍ക്ക് 10 ശതമാനം, അല്‍പം നേട്ടം കിട്ടിയ വിഭാഗങ്ങള്‍ക്ക് 10 ശതമാനം, പരമാവധി നേട്ടം ലഭിച്ച വിഭാഗങ്ങള്‍ക്ക് ഏഴ് ശതമാനം എന്നീ രീതിയില്‍ സംവരണത്തെ മൂന്നായി തരം തിരിക്കാനാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്.
നിലവില്‍ 25 ശതമാനത്തോളം സംവരണ ആനുകൂല്യം 10 ഉപജാതികള്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും 938 ഉപജാതികള്‍ക്ക് സംവരണത്തിന്റെ യാതൊരു വിധ ആനുകൂല്യവും ലഭിക്കുന്നില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒ.ബി.സി വിഭാഗങ്ങളിലെ ഉപജാതി ജനസംഖ്യയുടെ കണക്കെടുക്കുന്നതിന് സ്വാതന്ത്രത്തിനു മുമ്പുള്ള (1931ലെ) ജാതി രേഖകളാണ് പാനല്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. 1931നു ശേഷമുള്ള സെന്‍സസുകളില്‍ ഒ.ബി.സി വിഭാഗത്തിന്റെ കണക്കെടുത്തിട്ടില്ല. 2021ല്‍ വരാനിരിക്കുന്ന അടുത്ത സെന്‍സസില്‍ ഒ.ബി.സി വിഭാഗത്തിന്റെ കണക്കുകള്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജസ്റ്റിസ് ജി രോഹിണിയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ടിന്റെ അന്തിമ മിനുക്കു പണികളിലാണ്. അടുത്ത മാസം റിപ്പോര്‍ട്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഏത് വിഭാഗത്തിനാണ് ഒ.ബി.സി സംവരണത്തില്‍ പരമാവധി ആനുകൂല്യം ലഭിച്ചത് എന്നറിയുന്നതിനായി കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികള്‍, എന്‍.ഐ.ടി, ഐ.ഐ. എം. എസ്, എ.ഐ.എം.എസ്, കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ഒ.ബി.സി സംവരണം വഴി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ കണക്കുകളും, കഴിഞ്ഞ അഞ്ചു വര്‍ഷമായി കേന്ദ്ര സര്‍ക്കാറിന്റെ 130,000 നിയമനങ്ങളും സമിതി പരിശോധിച്ചിട്ടുണ്ട്. അതേ സമയം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കാനാവൂ എന്നായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിന്റെ പ്രതികരണം. ഒ.ബി.സി സംവരണം വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ മാത്രമാണ് ലഭിക്കുന്നത്. 1979ല്‍ രൂപീകരിച്ച മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമാണ് 27 ശതമാനം ഒ.ബി.സി സംവരണം അംഗീകരിച്ചത്.
2006ലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി ഒ.ബി.സി സംവരണം വ്യാപിപ്പിച്ചത്. കമ്മീഷന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ഒ.ബി.സി ക്വാട്ടയില്‍ മാറ്റം വരുത്തണമെങ്കില്‍ ഭരണഘടന ഭേദഗതി ആവശ്യമായി വരും. സംവരണം റദ്ദാക്കണമെന്ന് സവര്‍ണ വിഭാഗത്തില്‍ പെട്ടവരും ക്വാട്ട വിരുദ്ധ ഗ്രൂപ്പുകളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ്.