ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സമാനമായ കഥ സെലിബ്രിറ്റികളുടേതോ പ്രശസ്ത ആളുകളുടേതോ ആയിരുന്നെങ്കില്‍ മാഗസിനുകളുടെ കവറുകളില്‍ ഇടംപിടിക്കുമായിരുന്നു എന്നും ഹാദിയ ആയതിനാലാണ് കോടതിയും എന്‍.ഐ.എയുമെല്ലാം ഇടപെടുന്നതെന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഹാദിയയെ കുസൃതിക്കുട്ടികളെപ്പോലെയാണ് നമ്മുടെ സംവിധാനം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോഡലും ചലച്ചിത്ര നടിയുമായ സാഗരിക ഖാട്‌ഗെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനെ വിവാഹം ചെയ്തത് ദേശീയ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും ഇവരുടെ വിവാഹത്തെപ്പറ്റി ദുസ്സൂചനകളോ ദുഷ്പ്രചരണങ്ങളോ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഹാദിയയുടെ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്ന നിലയ്ക്കാണ് ദേശീയ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

‘പണക്കാരോ പ്രശസ്തരോ സെലിബ്രിറ്റിയോ ആയിരുന്നെങ്കില്‍ ഇത് മാഗസിനുകള്‍ ബഹുവര്‍ണ ചിത്രങ്ങളടങ്ങുന്ന കവര്‍ സ്‌റ്റോറി ആയിരുന്നേനെ. നിങ്ങള്‍ ഹാദിയയെ പോലുള്ളവരാണെങ്കിലോ കോടതിയില്‍ ഹാജരാകലും എന്‍.ഐ.എ കേസുകളും’ എന്നാണ് ഹാദിയയെ മെഡിക്കല്‍ പഠനം തുടരാന്‍ വിട്ട വാര്‍ത്തയോട് പ്രതികരിച്ച് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്.

ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ അനുവദിക്കില്ല എന്ന വാര്‍ത്തയോട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഉമറിന്റെ പ്രതികരണം ഇങ്ങനെ:

‘കരഞ്ഞു വിളിക്കാന്‍ അവള്‍ ഒരു പ്രായപൂര്‍ത്തിയായ ആളാണ്. എന്തുകൊണ്ടാണ് കോടതി ഹാദിയയെ ഭ്രാന്തന്മാരെ ഏല്‍പ്പിക്കുന്നതും അവരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കുന്നതും?’