സേലം: വീട്ടില്‍ തടങ്കലിലായിരിക്കെ തന്നെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മതംമാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. പലരും വീട്ടില്‍ വന്ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സേലത്ത് മനോരമ ന്യൂസിനോട് ഹാദിയ പറഞ്ഞു.

‘പലരും വീട്ടില്‍ വന്ന് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടുണ്ട്. പേരുകള്‍ എനിക്കറിയില്ല. സ്ഥിരമായി ശിവശക്തി യോഗാ സെന്ററിന്റെ കൗണ്‍സിലിങ് ഉണ്ടായിരുന്നു. മാക്‌സിമം ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ട്. പത്രസമ്മേളനം നടത്തി, നീ സനാതന ധര്‍മത്തിലേക്ക് തിരിച്ചുവന്നു എന്ന് നീ പറഞ്ഞേ പറ്റൂ എന്നു പറഞ്ഞ് ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ട്’ – എന്നാണ് ഹാദിയ പറഞ്ഞത്.

മാനസിമായ അസുഖമുണ്ടെന്ന് പറയുന്നതിനെപ്പറ്റി എന്തു പറയുന്നു എന്ന ചോദ്യത്തിന് ഹാദിയയുടെ മറുപടി ഇങ്ങനെ: ‘എന്നെ പരിശോധിക്കാം. ഞാന്‍ എനിക്ക് മാനസിക പ്രശ്‌നം ഇല്ല എന്നു പറയുന്നതു കൊണ്ട് കാര്യമില്ലല്ലോ. മറ്റുള്ളവര്‍ അതിന് വില കല്‍പ്പിക്കില്ലല്ലോ.’

ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ ഷഫിന്‍ ജഹാനെ കാണാനാണ് ശ്രമിക്കുന്നതെന്നും ഷഫിനുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതായും ഹാദിയ പറഞ്ഞു.