പിഞ്ചുകുഞ്ഞിനെ കെട്ടിയിട്ട് ജയ് ശ്രീറാം വിളിപ്പിക്കുന്ന വീഡിയോ സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. കര്‍ണാടക മഹിളാ കോണ്‍ഗ്രസ് കഴിഞ്ഞ ശനിയാഴ്ച ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഒരുവയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് കസേരയില്‍ കെട്ടിയിട്ട് ജയ് ശ്രീറാം വിളിക്കൂവെന്ന് നിര്‍ബന്ധിക്കുന്നത്. കരയുന്ന കുഞ്ഞിനെ ഇയാള്‍ മുഖത്ത് തട്ടുകയും തല്ലുകയും ചെയ്യുന്നു. തല്ലിയതിനെ തുടര്‍ന്ന് കുഞ്ഞ് കരയുന്നതും വീഡിയോയില്‍ കാണാം.

കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ ടാഗ് ചെയ്താണ് മഹിളാ കോണ്‍ഗ്രസ് വീഡിയോ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് മന്ത്രിയായി ഇരിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് വിമര്‍ശിച്ചു. വിദേശ മാധ്യമങ്ങളും വീഡിയോ ഏറ്റെടുത്തതോടെ ലോകമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു.