kerala
കുട്ടികള്‍ക്കായി മരണവല വിരിച്ച് ഓണ്‍ലൈന്‍ ഗെയിമുകള്‍
ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.
കെ.എ മുരളീധരന്
തൃശൂര്‍:ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്താല്‍ വീട് വിട്ടിറങ്ങി മരണപ്പെടുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാര്‍ഥിയായി ആകാശ്. റമ്മി, പബ്ജി, ഫ്രീ ഫയര്‍, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങി നിരവധി ഗെയിമുകള്‍ കുട്ടികള്‍ക്കായുണ്ട്. പല ഗെയിമുകളും പണമില്ലാതെ കളിക്കാവുന്ന ഗെയിമുകളുമാണ്. പലയിടത്തും നിന്നും നിരവധിപേര്‍ക്ക് ഒരേ സമയവും അല്ലെങ്കില്‍ ഒറ്റക്കും കളിക്കാവുന്ന ഗെയിമുകള്‍ കുട്ടികള്‍ക്ക് വളരെ താല്പര്യവുമാണ്. ഇനിയാണിതിലെ അപകടം. ഭൂരിഭാഗം ഗെയിമുകളും പണമില്ലാതെ കളിക്കാം.
കളിച്ച് താല്പര്യം കൂടുമ്പോള്‍ പുതിയ അപ്ഡേഷനുകളൊ, അല്ലെങ്കില്‍ പുതിയ തോക്കോ, കാറോ ബൈക്കോ വേണമെങ്കില്‍ പണം നല്‍കേണ്ടിവരും. കളിച്ച് ജയിച്ചാല്‍ പണം ഓഫര്‍ ചെയ്താണ് പല ഗെയിമുകളും കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ആദ്യം കുട്ടികളുടെ കയ്യിലുളള പോക്കറ്റ് മണികള്‍ ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങുന്നവര്‍ പിന്നീട് വീട്ടുകാരുടെ കയ്യില്‍ നിന്നും പണമെടുക്കാന്‍ തുടങ്ങും. ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് മയക്കുമരുന്ന് ഉപയോഗം പോലെതന്നെ എങ്ങിനെയെങ്കിലും പണം കണ്ടെത്തി കളിക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നു. പക്ഷേ, വീട്ടുകാരില്‍ നിന്നെടുത്ത പണം നഷ്ടപ്പെടുമ്പോള്‍ ശിക്ഷ ഭയന്ന് കുട്ടികള്‍ മരണത്തിലേക്ക് വരെ പോകാനും സാധ്യതയുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
നന്നായി പഠിക്കാന്‍ മിടുക്കനായിരുന്നു കൊരുമ്പിശ്ശേരി സ്വദേശി പോക്കര്പറമ്പില് ഷാബിയുടെ മകന് ആകാശ്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൂടിയായ ആകാശിനെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്‍പിലുള്ള കുട്ടന്‍കുളത്തിനരികെ സൈക്കിളും ചെരുപ്പും കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടര്‍ന്ന് ഉള്ള മനോവിഷമത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാര്‍ച്ചിലും സമാനമായ സംഭവം ഏങ്ങണ്ടിയൂരില്‍ നടന്നിരുന്നു. ഏങ്ങണ്ടിയൂര്‍ ചാണാശ്ശേരി വീട്ടില്‍ സനോജ് ശില്പ ദമ്പതികളുടെ മകനായ അമല്‍ കൃഷ്ണ(16)യെ തളിക്കുളത്ത് ഒഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പഌസ് വാങ്ങിയ അമല്‍ കൃഷ്ണ പ്ലസ്ടുവിന് പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. സ്കോളര്‍ഷിപ്പായി ലഭിച്ച 10000 രൂപ അമല്‍ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളിലേക്കായി അക്കൗണ്ടിലെ പണം താല്‍ക്കാലികമായി അമല്‍കൃഷ്ണയോട് അച്ഛന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ.ടി.എമ്മില്‍ നിന്നും പണം കിട്ടുന്നില്ലെന്ന് ആദ്യം പറഞ്ഞ അമല്‍ കൃഷ്ണ പിന്നീട് എ.ടി.എം കാര്‍ഡ് തകരാറാണെന്ന് വീട്ടുകരെ ധരിപ്പിച്ചു. തുടര്‍ന്ന് എ.ടി.എം കാര്‍ഡിന്റെ തകരാറ് ബാങ്കില്‍ അന്വേഷിക്കാമെന്നും പറഞ്ഞ് അമല്‍ കൃഷ്ണയെ കൂട്ടി അമ്മ ശില്പ ബാങ്കിലേക്ക് പോയി. മകനെ പുറത്ത് നിറുത്തി ബാങ്കിന് അകത്തേക്ക് പോയ ശില്‍പ്പ പെട്ടെന്നുതന്നെ പുറത്തേക്ക് വന്നെങ്കിലും അമല്‍കൃഷ്ണ അപ്രതൃക്ഷനായിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ടില്‍ നിന്നും പേടിഎം വഴി നേരത്തെ 4000 രൂപയോളം കൈമാറിയതായും കണ്ടെത്തി. ഓണ്‍ ലൈന്‍ ഗെയിം കളിയിലൂടെയാണ് അമല്‍ കൃഷ്ണക്ക് പണം നഷ്ടപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു. ഇത് വീട്ടുകാര്‍ ബാങ്കില്‍ നിന്നും മനസിലാക്കുമെന്ന് ഉറപ്പുള്ളതിനാലാകാം അമ്മ ബാങ്കില്‍ നിന്നും പുറത്തേക്ക് വരുന്നതിന് മുമ്പ് അമല്‍കൃഷ്ണ അവിടെ നിന്നും പോയത്. അമല്‍ കൃഷ്ണയുടെ മൃതദേഹത്തിനരികില്‍ നിന്ന് എ.ടി.എം കാര്‍ഡിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഏങ്ങണ്ടിയൂരിലുള്ള അമല്‍കൃഷ്ണ തളിക്കുളത്ത് ഒഴിഞ്ഞവീട്ടിലെത്തിയത് എങ്ങിനെയെന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്.
kerala
ബംഗളൂരുവില്‍ വന്‍ മയക്കുമരുന്ന് വേട്ട; 11.64 കിലോ എംഡിഎംഎ പിടികൂടി
11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ബംഗളൂരുവില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. 11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരിഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം പിടികൂടിയത്.
ഇവയ്ക്ക് 23.74 കോടി രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ നൈജീരിയന്‍ പൗരന് ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ചുവച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017ല്‍ നൈജീരിയയില്‍നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
kerala
കോളേജ് ബസ് നന്നാക്കുന്നതിനിടെ സ്ഫോടനം; വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്
മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരില്‍ കോളേജ് ബസ് നന്നാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ വര്‍ക്ഷോപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്. ചങ്ങനാശേരിയിലുള്ള വര്‍ക്ഷോപ്പ് ജീവനക്കാരനായ കുഞ്ഞുമോനാണ് പരിക്കേറ്റത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലാണ് അപകടം. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ബസിന്റെ ചില ഭാഗങ്ങള്‍ നന്നാക്കാനായി അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം ഇന്നലെ തിരികെ സ്ഥാപിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
kerala
തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന് 5000 രൂപ ആവശ്യപ്പെട്ടു
ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം.
തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്കാന് വാട്ടര്‍ അതോറിറ്റി ജീവനക്കാരന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്കിയാല് മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ഗണേഷ് തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നു രാവിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് മീറ്റര്‍ റീഡിങ് എടുക്കാനായി വീട്ടില്‍ എത്തി. ഭാര്യയുടെ മാതാപിതാക്കള്‍ മാത്രമേ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. റീഡിങ് നോക്കിയതിനു ശേഷം മീറ്റര്‍ റീഡിങ് ഇപ്പോള്‍ 512 ആണെന്നും കഴിഞ്ഞ തവണ 347 ആയിരുന്നെന്നും അതു മേയ് മാസത്തെ റീഡിങ്ങ് ആണെന്നും ബില്‍ തുക 15000 ആകുമെന്നും അദ്ദേഹം അറിയിച്ചു. മെഷീനില്‍ ആ ബില്‍ അടിച്ച് കാണിക്കുകയും ചെയ്തു.
അച്ഛന് എന്നെ വിളിച്ച്, റീഡിങ് എടുക്കാന്‍ വന്ന ആളിന് ഫോണ്‍ കൊടുത്തു. കാര്യമായ ലീക്ക് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഫോണിലൂടെ പറയാന്‍ കഴിയില്ല, നേരിട്ട് കാണാം എന്നും അദ്ദേഹം പറഞ്ഞു. മീറ്റര്‍ റീഡിങ്ങിനെ കുറിച്ചും, ലീക്ക് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ അത്യാവശ്യം ധാരണ ഉള്ളതിനാല്‍, എന്താണ് ഉദ്ദേശ്യം എന്നറിയാന്‍ ഞാന്‍ ഉച്ചയോടെ അദ്ദേഹത്തെ എന്റെ റസിഡന്റ്സ് കോളനിയില്‍ വച്ചു തന്നെ കണ്ടു.
ഒരു 5000 തന്നാല്‍ മീറ്റര്‍ റീസെറ്റ് ചെയ്യാമെന്നും അവസാന രണ്ടു മാസം ഡോര്‍ ലോക്ക് ആയിരുന്നു എന്ന് കാണിച്ച്, മീറ്റര്‍ റീഡിങ് 360 ആയി റീസെറ്റ് ചെയ്താല്‍ കഴിഞ്ഞ രണ്ടു മാസം അടച്ച ബില്ലില്‍ നിന്നും 1200 മൈനസ് ചെയ്ത് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. 347 മേയ് മാസത്തെ റീഡിങ് ആണ്. 41 കിലോ ലീറ്റര്‍ ജൂണ്‍ ജൂലൈയിലെയും 58 കിലോ ലീറ്റര്‍ ഓഗസ്റ്റ്, സെപ്റ്റംബറിനും ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് എനിക്കറിയവുന്നതിനാലും, രണ്ടായിരത്തിൽ താഴെ മാത്രം ബില്‍ വരികയുള്ളൂ എന്നുറപ്പുള്ളതിനാലും ഞാന്‍ അസിസ്റ്റന്റ് എൻജിനീയറെ കാണാന്‍ പോയി.
ഉണ്ടായ കാര്യവും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയര്‍ ആദ്യം എന്നെ ലീക്ക് ആണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കാര്യം അറിയാം എന്നു മനസ്സിലായപ്പോള്‍ മിണ്ടാതെ ഇരുന്നു. ഏതായാലും ഈ മീറ്റര്‍ റിവേഴ്സല്‍ കൊണ്ട് ഉണ്ടാവുന്ന റവന്യൂ ലോസ് അന്വേഷിക്കപ്പെടണം എന്ന ആവശ്യം ഉന്നയിച്ച് ഒരു പരാതി നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala12 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala12 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

