അബുദാബി: കെഎംസിസി പ്രവര്‍ത്തകരുടെ ആവേശത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുന്നില്‍ തന്റെ ക്ഷീണം ഒന്നുമല്ലാതായി മാറുകയാണെന്നും താന്‍ ഉന്മേഷവാനാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇന്‍സെപ്ഷന്‍-2018ല്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടി ക്ഷീണിതനാണെന്നും അദ്ദേഹത്തിന് സംസാരിക്കാന്‍ നേരത്തെ അവസരം നല്‍കുകയാണെന്നുമുള്ള അനൗണ്‍സുമെന്റിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സംഘാടകരോട് ആദ്യം ഉമ്മന്‍ ചാണ്ടിയെ പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രവാസികളുടെ പ്രശ്‌നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കേരളത്തിലും മറുനാട്ടിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന കെഎംസിസി പ്രവര്‍ത്തകരുടെ ആവേശം വലിയ സന്തോഷമാണ് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തിങ്ങി നിറഞ്ഞ സദസ്സ് ഏറ്റു വാങ്ങിയത്. തവനൂര്‍ മണ്ഡലം എന്ന് പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനസ്സിലും ചിലതെല്ലാം തെളിയുന്നുണ്ട്. ചില നപുംസക ചിത്രങ്ങള്‍. പലതും അദ്ദേഹം പറയാതെ പറഞ്ഞു വെച്ചു. ഇനി ആവര്‍ത്തിച്ചു കൂടാ. നമ്മള്‍ തന്നെ വിജയിക്കണം.
കെഎംസിസിക്കാരുടെ ആവേശം കാണുമ്പോള്‍ അതിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഉമ്മന്‍ ചാണ്ടി. പ്രവര്‍ത്തകര്‍ക്കും എല്ലാം വ്യക്തമായി ബോധ്യപ്പെട്ടു.
തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പരിപാടി പരക്കെ പ്രശംസിക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായന്മാരുടെ സാന്നിധ്യവും പ്രവര്‍ത്തന രൂപരേഖയും പരിപാടി കൂടുതല്‍ ശ്രദ്ധേയമാക്കി മാറ്റി.