ന്യൂഡല്‍ഹി: ഭീമ-കോറെഗാവ് കലാപം മഹാരാഷ്ട്രയിലെ ബി. ജെ. പി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി തികഞ്ഞ അലംഭാവമാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം. ഹിന്ദുത്വവാദികളാണ് കലാപത്തിന് കാരണമെന്നും ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്നും ആരോപിച്ച പ്രതിപക്ഷം സിറ്റിങ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ബുധനാഴ്ച മഹാരാഷ്ട്ര പ്രശ്‌നത്തില്‍ ബഹളത്തില്‍ മുങ്ങിയ രാജ്യസഭ പക്ഷേ ഇന്നലെ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് വിഷയം കാര്യമാത്ര പ്രസക്തമായി ചര്‍ച്ച ചെയ്തു. ദളിതുകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത ഹിന്ദുത്വ ശക്തികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് അംഗം രജനി പാട്ടീല്‍ ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തില്‍ ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ രണ്ടാം തരം പൗരന്‍മാരായി മാത്രമാണ് കാണുന്നതെന്ന് എസ്.പി അംഗം നരേഷ് അഗര്‍വാള്‍ ആരോപിച്ചു. കലാപത്തിന് പിന്നില്‍ ചില വര്‍ഗീയ വാദികളാണെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ ശരത് പവാര്‍ പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ ദളിതുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സ്ത്രീകളും പീഡനങ്ങള്‍ നേരിടുകയാണെന്നും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നും ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. ദളിതുകളുടെ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവപരമായി കാണണമെന്ന് സി.പി.ഐ അംഗം ഡി രാജ പറഞ്ഞു. അതേ സമയം പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കൊണ്ട് സംസാരിച്ച ശിവസേന എം.പി സഞ്ജയ് റാവത്ത് ഭീമ-കോറെഗാവ് യുദ്ധത്തെ കുറിച്ച് അറിയാത്തവരാണ് ഇതേക്കുറിച്ച് സംസാരിക്കുന്നതെന്ന് ആരോപിച്ചു.

ചില അജ്ഞാത കരങ്ങള്‍ കലാപത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദളിതുകള്‍ ബി.ജെ.പി, കോണ്‍ഗ്രസ് ഭരണത്തില്‍ ആക്രമിക്കപ്പെടുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലയുടെ പരാമര്‍ശം.