ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ. ഐ. എ. ഡി.എം.കെ വിമത വിഭാഗം നേതാവ് ടി.ടി.വി ദിനകരന്‍ വിജയിച്ചത് പണക്കൊഴുപ്പിന്റെ ബലത്തിലാണെന്ന് തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍.

അതേസമയം വോട്ടര്‍മാരെ അവഹേളിക്കുകയാണ് കമല്‍ഹാസന്‍ ചെയ്യുന്നതെന്ന് ദിനകരന്‍ തിരിച്ചടിച്ചു. ആനന്ദ വികടന്‍ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ദിനകരനെ വിമര്‍ശിക്കുന്നത്. ആര്‍. കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വിലക്കു വാങ്ങിയതാണെന്ന് ദിനകരന്റെ പേരു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ് രാഷ്ട്രീയത്തിനു തന്നെ വലിയ കളങ്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പകല്‍ വെളിച്ചത്തില്‍ നടന്ന ഈ കുറ്റകൃത്യം ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ കളങ്കമാണെന്ന് കമല്‍ഹാസന്‍ ആരോപിച്ചു.എന്നാല്‍ കമല്‍ഹാസന്‍ ജനങ്ങളെയാണ് അധിക്ഷേപിക്കുന്നതെന്ന് ദിനകരന്‍ ആരോപിച്ചു. ആര്‍.കെ നഗര്‍ ഫലം അംഗീകരിക്കാനോ അംഗീകരിക്കാതിരിക്കാനോ കമല്‍ഹാസന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പണം വാങ്ങിയാണ് ജനങ്ങള്‍ തനിക്കു വോട്ടു നല്‍കിയതെന്ന് പറഞ്ഞാല്‍, അത് ആര്‍.ഗെ നഗറിലെ വോട്ടര്‍മാരെയാണ് അദ്ദേഹം അധിക്ഷേപിക്കുന്നതെന്നും ദിനകരന്‍ പ്രതികരിച്ചു.