ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന നീക്കങ്ങള്‍ തുടരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന ഒ.പി.എസ് ക്യാമ്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, വിട്ടു വീഴ്ചക്കു തയ്യാറാണെന്ന സൂചനയുമായി പളനിസ്വാമി വിഭാഗം രംഗത്തെത്തി. ലയന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ ഉപാധികളൊന്നും വെക്കുന്നില്ലെന്ന് പളനി സ്വാമി ക്യാമ്പ് അറിയിച്ചു. ഒ.പി.എസ് ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കും. ലയന ചര്‍ച്ചകള്‍ തുടരുമെന്നും പളനി സ്വാമി ക്യാമ്പ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ശശികലയെയും ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം എന്നീ ഉപാധികളാണ് പന്നീര്‍ശെല്‍വം ക്യാമ്പ് മുന്നോട്ടു വച്ചിരുന്നത്. ഇരുവരേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പളനിസ്വാമി ക്യാമ്പിലെ ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമര്‍ദ്ദത്തിലാക്കി ലയന ചര്‍ച്ച ആരംഭിക്കാനാണ് പളനിസ്വാമി വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഒ.പി.എസ് ക്യാമ്പ് പിന്‍മാറല്‍ സൂചന നല്‍കിയത്. ഇതോടെ പളനി സ്വാമി വിഭാഗം വീട്ടുവീഴ്ചക്കു തയ്യാറാവുകയായിരുന്നു.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടി താല്‍പര്യം എല്ലാവരും ഉയര്‍ത്തിപ്പിടിക്കണമെന്ന് പളനി സ്വാമി ക്യാമ്പിലെ നേതാവായ സി.വി ഷണ്‍മുഖം പറഞ്ഞു. ഉപാധിരഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇതേ ക്യാമ്പിലെ മറ്റൊരു നേതാവും രാജ്യസഭാംഗവുമായയ ആര്‍ വൈതിലിംഗവും പ്രതികരിച്ചു. എന്നാല്‍ ശശികല, ദിനകരന്‍ എന്നിവരെ പുറത്താക്കിയാലല്ലാതെ ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ ഒ.പി.എസ് ക്യാമ്പ് ഉറച്ചു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പദവും ജനറല്‍ സെക്രട്ടറി പദവും ഉള്‍പ്പെടെ പന്നീര്‍ശെല്‍വം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന ക്യാമ്പ് പറഞ്ഞു.
ശശികലയെ ജനറല്‍ സെക്രട്ടറിയായും ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കത്ത് പിന്‍വലിക്കണമെന്നും ഒ.പി.എസ് ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ദിനകരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യം ഒ.പി.എസ് ക്യാമ്പ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ആണ്ടിപ്പെട്ടി എം.എല്‍.എ തങ്കത്തമിള്‍ സെല്‍വന്‍ പറഞ്ഞു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണം. ഇക്കാര്യം തങ്ങളും ആവശ്യപ്പെടുന്നതാണ്. ജയലളിതയുടെ ആസ്പത്രി വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പന്നീര്‍ശെല്‍വത്തിന്റെ പങ്ക് പുറത്തു വരേണ്ടതുണ്ട്- ദിനകരന്റെ അടുപ്പക്കാരന്‍ കൂടിയായ തങ്കത്തമിള്‍ സെല്‍വന്‍ പറഞ്ഞു.