തിരുവനന്തപുരം: ഡേ കെയര്‍ സെന്ററുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദേശം. കൊച്ചിയിലെ ഡേ കെയറില്‍ കുഞ്ഞിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് ഐ.ജിയുടെ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഡേ കെയറുകളില്‍ ഒരു മാസത്തിനകം ക്യാമറകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താന്‍ എസ്.ഐമാര്‍ക്കാണ് റേഞ്ച് ഐ.ജി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ വഴി ഡേ കെയറുകളിലെ കുട്ടികളുടെ വിവരങ്ങള്‍ മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണുകളിലോ കമ്പ്യൂട്ടറുകളിലോ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് സ്റ്റേഷനുകളില്‍ സംവിധാനം ഒരുക്കണമെന്ന് ഐ.ജിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ക്യാമറ സംവിധാനം സംസ്ഥാന വ്യാപകമായി പ്രാവര്‍ത്തികമാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ പി. അയിഷാ പോറ്റി എം.എല്‍.എ വ്യക്തമാക്കി. ജൂണ്‍ 13ന് ചേരുന്ന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയാകും. കൊച്ചിയിലെ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ സമിതി സ്വമേധയാ നടപടിയെടുക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഓരോ വര്‍ഷവും കൂണുകള്‍പോലെയാണ് ഡേ കെയര്‍ സെന്ററുകള്‍ പൊട്ടിമുളക്കുന്നത്. മാനേജര്‍മാരില്‍ നിന്നും ആയമാരില്‍ നിന്നും കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഉയരുന്നത്. ഭൂരിഭാഗം ഡേ കെയര്‍ സെന്ററുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ സാമൂഹ്യക്ഷേമ വകുപ്പിന്റെയോ റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി നഗരത്തില്‍ മാത്രം 150 ഓളം ഡേ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പലതിന്റെയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Be the first to write a comment.