കല്‍പ്പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്‌കൂളില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സമീപത്തെ രണ്ടു കടകളില്‍ നിന്നുള്ള ആറു പേര്‍ കസ്റ്റഡിയില്‍. പോസ്‌കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പീഡനം സ്ഥിരീകരിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിനു ലഭിച്ചു.
ഓര്‍ഫനേജ് സ്‌കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഏഴ് വിദ്യാര്‍ത്ഥിനികളാണ് സമീപത്തെ കടയില്‍ പീഡനത്തിനിരയായത്. താമസസ്ഥലത്തേക്ക് പോകുംവഴി പെണ്‍ക്കുട്ടികളെ മിഠായി നല്‍കി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അസമയത്ത് പെണ്‍കുട്ടികളെ കടക്കു സമീപത്തു കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന്‍ വിവരം ഓര്‍ഫനേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനാഥാലയത്തിലെ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടികളെ കൗണ്‍സിലിങിന് വിധേയമാക്കിയതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കുട്ടികള്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടികളെ ഇന്ന് ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയമാക്കും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.