ടീം ഹോട്ടലിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ പാക് ക്രിക്കറ്ററുടെ നടപടി വിവാദമായി. പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്താന്‍ ആള്‍റൗണ്ടറാണ് ചിറ്റഗോങിലെ ഹോട്ടലില്‍ വനിതാ ഗസ്റ്റിനെ വിളിച്ചുവരുത്തിയതിന് കുരുങ്ങിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനിടെയാണ് സംഭവം.

ബിപിഎല്‍ മത്സരങ്ങളില്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് അതിഥികളെ ഹോട്ടലുകളില്‍ പ്രവേശിപ്പിക്കരുതെന്ന് ബംഗ്ലാദേശ് അധികൃതര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ പാക് താരം ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതു ശ്രദ്ധയില്‍ പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയെ പുറത്താക്കണമെന്ന് താരത്തോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പാക് താരത്തിനെതിരെ ശിക്ഷാ നടപടികള്‍ വേണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റര്‍മാരായ സാബിര്‍ റഹ്മാന്‍, അല്‍അമീന്‍ എന്നിവര്‍ക്കെതിരെ സ്ത്രീകളെ റൂമില്‍ പ്രവേശിപ്പിച്ചതിന് വന്‍ തോതില്‍ പിഴ ചുമത്തിയിരുന്നു. നിലവില്‍ 18ലധികം പാക് താരങ്ങള്‍ ബിപിഎല്ലില്‍ കളിക്കുന്നുണ്ട്.