ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പാകിസ്താനു മുന്നില്‍ 368 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്‍ വിക്കറ്റ് നഷ്ടം കൂടാതെ ഒരു റണ്‍ എന്ന നിലയിലാണ്. സമി അസ്്‌ലം (01*), അസ്ഹര്‍ അലി (0*) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ 55 റണ്‍സിന്റെ ലീഡുമായി ബാറ്റിങ് പുനരാരംഭിച്ച കിവീസ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന് 315 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കിവീസിനു വേണ്ടി റോസ് ടെയ്‌ലര്‍ (102*) സെഞ്ച്വറി നേടിയപ്പോള്‍ ഓപണര്‍ ടോം ലഥാം (80) കെയ്ന്‍ വില്യംസണ്‍ (42) ഗ്രാന്റ്‌ഹോം (32) എന്നിവര്‍ മികച്ച സ്‌കോര്‍ നേടി. പാകിസ്താനു വേണ്ടി ഇംറാന്‍ ഖാന്‍ മൂന്നു വിക്കറ്റുകളും മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. പാക് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് കിവീസിന് മികച്ച സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്. ഇതിന് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വന്നത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറാണ്.