കൊല്‍ക്കത്ത: തോല്‍വി ഇന്ന് രണ്ട് പേര്‍ക്കും താങ്ങാനാവില്ല… സമനില ലഭിച്ചാല്‍ അത് സന്തോഷമാവും, ആശ്വാസവും. പ്രത്യേകിച്ച് കൊല്‍ക്കത്തക്ക്-ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരായ ഐ.എസ്.എല്‍ പോരാട്ടത്തില്‍ ഒരു പോയന്റ് സ്വന്തമാക്കിയാല്‍ ഇയാന്‍ ഹ്യൂമിന്റെ സംഘത്തിന് മുംബൈ എഫ്.സിക്ക് പിറകെ സെമി ഉറപ്പിക്കാം. ബ്ലാസ്‌റ്റേഴ്‌സിന് സമനില വഴങ്ങിയാലും പ്രതീക്ഷകളുണ്ട്-പക്ഷേ തോല്‍ക്കരുത്. ര

ബീന്ദ്ര സരോവറില്‍ വൈകീട്ട് ഏഴിന് തുടങ്ങുന്ന പോരാട്ടം കൊല്‍ക്കത്തയെക്കാള്‍ നിര്‍ണായകം സ്റ്റീവ് കോപ്പലിന്റെ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിനാണ്. രണ്ട് ടീമുകള്‍ക്കും രണ്ട് മല്‍സരങ്ങളാണ് ബാക്കി. പോയന്റാവട്ടെ തുല്യവും. പക്ഷേ കൊല്‍ക്കത്തക്കാര്‍ക്ക് മെച്ചപ്പെട്ട ഗോളിന്റെ ആനുകൂല്യമുണ്ട്, ബ്ലാസ്റ്റേഴ്‌സിനും സെമി സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരു ടീമായ നോര്‍ത്ത് ഈസ്റ്റിനുമെതിരെ മെച്ചപ്പെട്ട മല്‍സരഫലങ്ങളുമുണ്ട്.95.06 ശതമാനമാണ് അവരുടെ സെമി സാധ്യത. അതേ സമയം ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത 69.55 ആണ്. നോര്‍ത്തുകാരുടേത് 35.8 ഉം.

തോല്‍ക്കാതിരുന്നാല്‍ കേരളത്തിന് സമ്മര്‍ദ്ദം കുറക്കാം. എവേ മല്‍സരങ്ങളില്ലെല്ലാം തോല്‍ക്കുന്നവരായി മാറിയ ടീമിന് കൊല്‍ക്കത്ത ഇന്ന് വലിയ വെല്ലുവിളിയാണ്. അവസാന ഹോം മല്‍സരത്തില്‍ മുംബൈയോട് അഞ്ച് ഗോള്‍ വാങ്ങി തോറ്റതിന്റെ ക്ഷീണം പൂനെക്കെതിരായ ഹോം മല്‍സരത്തിലുടെ അവസാനിപ്പിച്ചുവെങ്കിലും സ്ഥിരതയുടെ കാര്യത്തില്‍ ടീം പിറകിലാണ്. കൊല്‍ക്കത്തക്ക് മുന്നില്‍ വിറച്ചാല്‍ പിന്നെ സെമി പ്രവേശം അവസാന മല്‍സരങ്ങളെ ആശ്രയിച്ചിരിക്കും.

ജയിക്കാന്‍ കളിക്കുമെന്ന് കൊല്‍ക്കത്ത കോച്ച് മൊളീന വ്യക്തമാക്കിയപ്പോള്‍ ജാഗ്രത പാലിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ ഇന്നലെ പരിശീലനത്തിന് ശേഷം പ്രതികരിച്ചത്. കൊല്‍ക്കത്താ ക്യാമ്പില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ട്രൈക്കര്‍ സമീര്‍ ദുതിയുടെ അഭാവം പ്രശ്‌നമാണ്. പനി ബാധിതനാണ് സമീര്‍. ബ്ലാസ്‌റ്റേഴ്‌സ് സംഘത്തില്‍ പരുക്കിന്റെ പ്രശ്‌നങ്ങളില്ല. മികച്ച ടീമിനെ ഇറക്കുമെന്നാണ് കോച്ചിന്റെ ഉറപ്പ.്