ശബരിമല ദര്‍ശനത്തിനായി പതിനായിരങ്ങളെത്തുന്ന പമ്പയില്‍ തീര്‍ത്ഥാടകരില്‍ പനി പടര്‍ന്നു പിടിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാരിലും പനി പടരുന്നുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പടരാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിച്ചുവരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളും ശുചീകരണവും തുടരുന്നുണ്ട്.

ദര്‍ശനത്തിനായി എത്തുന്നവര്‍ ദിവസങ്ങളോളം പമ്പയില്‍ താമസിക്കേണ്ടി വരുന്നവരിലാണ് പനി വ്യാപിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണിയില്ല. വന്ന് ഉടന്‍ തിരിച്ച് പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒട്ടും ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പമ്പയില്‍ നിയോഗിക്കപ്പെട്ട പൊലീസുദ്യോഗസ്ഥര്‍, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ ഇവരിലെല്ലാം പനി പടരുന്നുണ്ട്.