പാൻമസാലയുടെയും ഗുട്ക്കയുടെയും  നിർമ്മാണവും വില്പനയും നിരോധിച്ച് ഉത്തരവിറക്കി പശ്ചിമബംഗാൾ സർക്കാർ. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് നവംബർ ഏഴു മുതൽ ഒരു വർഷത്തേക്കാണ് നിരോധനം.

ആരോഗ്യത്തിന് ഹാനികരമായതിനാൽ പുകയില നിക്കോട്ടിൻ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിർമ്മിക്കുന്നതും നിരോധിച്ചിരിക്കുന്നു എന്ന്  പശ്ചിമബംഗാൾ ഫുഡ് സേഫ്റ്റി കമ്മീഷണർ തബൻ കെ രുദ്ര ഇറക്കിയ ഉത്തരവിൽ അറിയിക്കുന്നു.

ഇത്തരം വസ്തുക്കൾ വഴി നികുതിയിലൂടെ നല്ലൊരു വരുമാനം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യം മുൻനിർത്തിയാണ് ഇത്തരം തീരുമാനമെന്നാണ് സർക്കാർ വാദം.