ചെന്നൈ: കൂവത്തൂരില്‍ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാഡി.എം.കെ എം.എല്‍.എമാരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പനീര്‍സെല്‍വത്തിനെ പോലീസ് വിലക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശശികല മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരുമായി ചര്‍ച്ച നടത്താനായിരുന്നു പനീര്‍സെല്‍വം കൂവത്തൂരിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചത്. അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ ശശികല പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സുരക്ഷാപ്രശ്‌നത്തിന്റെ പേരിലാണ് പനീര്‍സെല്‍വത്തെ പോലീസ് തടഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികളേയും വഴിക്കുവെച്ച് പോലീസ് തടഞ്ഞിട്ടുണ്ട്. പനീര്‍സെല്‍വത്തിന്റെ വരവ് കണക്കിലെടുത്ത് റിസോര്‍ട്ടിലും ചുറ്റിലുമായി വന്‍പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പനീര്‍സെല്‍വം കൂവത്തൂരിലെത്തുകയാണെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കുന്ന എം.പിമാരും എം.എല്‍.എമാരും പനീര്‍സെല്‍വത്തെ അനുഗമിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ശശികല ഇപ്പോഴും എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ തങ്ങുകയാണ്.

അതേസമയം, ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസ്വാമി രാജ്ഭവനിലെത്തി. മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കലാണ് പളനിസ്വാമിയുടെ ലക്ഷ്യം. അണ്ണാഡി.എം.കെ നിയമസഭാകക്ഷി നേതാവായി പളനിസ്വാമിയെ തെരഞ്ഞെടുത്തു.