ആതിരപ്പള്ളി: വാല്‍പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി കെണിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലുവയസുകാരനെ പുലി കടിച്ച് കൊന്നത്. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് കുടുങ്ങിയത്. വൈകുന്നേരം വീടിനു വെളിയില്‍ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.. തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം.

ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ സ്ഥലത്തുനിന്ന് മാറ്റും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു. നരഭോജിയായ പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ കുറെ കാലമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പത്തില്‍ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.