തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് എല്ലാ സ്ഥാനാര്‍ഥികളും ആഗ്രഹിക്കുക. അതിനായി കച്ചകെട്ടി ഇറങ്ങാനും അവര്‍ തയാറാണ്. എന്നാല്‍ തോല്‍ക്കാന്‍ വേണ്ടി മാത്രം സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന ഒരാളുണ്ട്. തമിഴ്‌നാട് സേലം സ്വദേശി പത്മരാജന്‍. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായാണ് അദ്ദേഹം അടുത്തതായി മത്സരിക്കുന്നത്. തന്റെ 61 വയസ് കാലയളവില്‍ 216 തോല്‍വികള്‍ പത്മരാജന്‍ ഏറ്റുവാങ്ങി.

പക്ഷേ, ഈ തോല്‍വി കൊണ്ടൊരു ഗുണമുണ്ടായി. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോല്‍വി ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ഒരാള്‍ എന്ന ഖ്യാതി നേടി. പ്രമുഖര്‍ക്കെതിരെ മത്സരിക്കുന്നതാണ് പത്മരാജന്റെ ഒരു രീതി. എന്നിട്ട് തോല്‍ക്കും. നരേന്ദ്ര മോദി, മന്‍മോഹന്‍ സിങ്, എബി വാജ്‌പെയ്, പിവി നരസിംഹ റാവു, ജയലളിത, എം കരുണാനിധി, വൈഎസ് രാജശേഖര റെഡ്ഢി, രാഹുല്‍ ഗാന്ധി, കെ കരുണാകരന്‍, എകെ ആന്റണി, എസ്എം കൃഷ്ണ അങ്ങനെ തുടങ്ങി നിരവധി വമ്പന്മാര്‍ക്കെതിരെയാണ് മത്സരിച്ച് തോറ്റത്.

1988ല്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു പത്മരാജന്റെ കന്നിയങ്കം. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് തിരികെ കിട്ടിയിട്ടില്ല. പത്മരാജന്റെ 217ആം മത്സരം ധര്‍മടത്ത് പിണറായി വിജയനെതിരെയാണ്. അതും തോല്‍ക്കാനായി തന്നെ. ഇലക്ഷന്‍ കിങ് ഫെയിലിയര്‍ എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ് പത്മരാജന്റെ അടുത്ത ലക്ഷ്യം. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുടുംബ വേരുകളുളള പത്മരാജന്‍ തമിഴ്‌നാട്ടിലെ നാല് മണ്ഡലങ്ങളില്‍ നിന്ന് കൂടി ഇത്തവണ ജനവിധി തേടുന്നുണ്ട്. എല്ലാം തോല്‍വി മാത്രം മുന്നില്‍ കണ്ട്.