ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയെ നേരിടുമെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ. മുംബൈയിലെത്തിയ ഹാര്‍ദികുമായി കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹര്‍ദികിനെ മുന്നില്‍ നിര്‍ത്തി മത്സരിക്കാന്‍ ശിവസേന ഒരുങ്ങുന്നത്. പട്ടേല്‍ സമുദായത്തെ ഒപ്പംകൂട്ടി ബി.ജെ.പി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് ശിവസേനയുടെ നീക്കം. എന്നാല്‍ ശിവസേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഹര്‍ദിക് പട്ടേലോ പട്ടേല്‍ സമുദായമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂറത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും ഉദയ്പൂരിലെ ആറ് മാസത്തെ നാടു കടത്തലിനും ശേഷം അടുത്തിടെയാണ് ഹര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ തിരിച്ചെത്തിയത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അടിവേരറക്കുമെന്നാണ് ഹര്‍ദിക് പ്രഖ്യാപിച്ചിരുന്നു. മോദിയെ തോല്‍പ്പിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ എന്നാണ് ഹര്‍ദിക്കിന്റെ മുദ്രവാക്യം. ഗുജറാത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പിന്തുണ തേടി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ഹര്‍ദികുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.