ചെന്നൈ: ശശികലക്കെതിരെ ജയലളിതയുടെ അനന്തരവള്‍ ദീപ വീണ്ടും രംഗത്ത്. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായ ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്താണ് ദീപ എത്തിയിരിക്കുന്നത്. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശശികലക്കെതിരെ ദീപ ആഞ്ഞടിച്ചത്.

33വര്‍ഷം ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്‌നാട്ടില്‍ കരിദിനമാണെന്നും ദീപ പറഞ്ഞു. പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കും. ശശികലയ്‌ക്കെതിരെ മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ദീപ പറഞ്ഞു. ശശികലക്കല്ല തമിഴ്ജനത വോട്ട് ചെയ്തത്. ജനം തെരഞ്ഞെടുത്ത നേതാവാണ് മുഖ്യമന്ത്രി ആകേണ്ടത്. ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ലെന്നും ദീപ കൂട്ടിച്ചേര്‍ത്തു.

ഇന്നായിരുന്നു ശശികല സത്യപ്രതിജ്ഞ ചെയ്യാനിരുന്നത്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ച്ചക്കകം സുപ്രീംകോടതി വിധി വരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാവുകയായിരുന്നു.